Psalms 5

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ,
എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.
2എന്റെ രാജാവും എന്റെ ദൈവവുമേ,
സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ,
അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

3യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;
പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും
പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
4അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;
തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
5അവിടത്തെ സന്നിധിയിൽ
ധിക്കാരികൾ നിൽക്കുകയില്ല.
അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
6വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും
യഹോവയ്ക്ക് അറപ്പാകുന്നു.
7എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ,
അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും;
അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ
ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.

8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം,
അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ;
അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
9അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല;
അവരുടെ ഹൃദയം നാശകൂപംതന്നെ.
അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്;
നാവിനാലവർ മുഖസ്തുതിയുരുവിടുന്നു. a
10അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ,
അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ.
അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു,
അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.
11എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;
അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.
തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,
അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.

12യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;
പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക
Copyright information for MalMCV